രാജ്യത്തെ ഒമിക്രോണ്‍ കേസുകളിലും കൊവിഡിലും വന്‍വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേരളത്തിലും ആകെ ഒമിക്രോണ്‍ കേസുകള്‍ 100 കടന്നു.
ഒമിക്രോണ്‍ മൂന്നാം തരംഗത്തിന് വഴി തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ നാളെയും മറ്റന്നാളും ഊര്‍ജ്ജിത വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനം.

പ്രതിദിന കൊവിഡ് കേസുകളില്‍ 27 ശതമാനം വര്‍ധനയാണ് ഇന്നുണ്ടായത്. പുതുവത്സരരാത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ 145 കോടി ഡോസ് പിന്നിട്ടതായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 420 ഉം ദില്ലിയില്‍ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. ഒന്നര മുതല്‍ മൂന്ന് ദിവസം കൊണ്ട് ഒമിക്രോണ്‍ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒമിക്രോണിന്റെ വ്യാപനം കൊവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തില്‍ നിന്ന് 16764ലെത്തി. 71 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. തിങ്കളാഴ്ച്ച് 6242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ പതിനാറായിരത്തിലേക്ക് കണക്കെത്തി. ദില്ലിയില്‍ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ആയിരം കടന്നത്. ഒമിക്രോണ്‍ ഭീഷണിയുള്ളതിനാല്‍ പുതുവത്സര ആഘോഷങ്ങള്‍ക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതല്‍ 5 വരെ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Top