ആലപ്പുഴ: കേരളത്തില്‍ സിമന്റുള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ നിര്‍മാണമേഖല പ്രതിസന്ധിയിലായി.
അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സിമന്റിന് പായ്ക്കറ്റ് ഒന്നിന് നൂറു രൂപയാണ് കൂടുതല്‍. കമ്പിയും മണലുമടക്കം സാമഗ്രികളുടെ വിലയിലും വന്‍ വര്‍ദ്ധനവുണ്ട്.
ചില്ലറ വില്‍പനവില സിമന്റിന് 385-390 രൂപയായിരുന്നത് 430 രൂപയായി ഉയര്‍ത്താനാണ് നിര്‍മാതാക്കളുടെ തീരുമാനം. അയല്‍ സംസ്ഥാനങ്ങളില്‍ സിമന്റ് പായ്ക്കറ്റിന് മുന്നൂറില്‍ താഴെയാണ് വില.
കേരളത്തില്‍ കമ്പിയുടെ വിലയും കിലോഗ്രാമിന് പത്തുരൂപ കൂട്ടി. മെറ്റല്‍വില ഒരടിക്ക് 30-35ല്‍നിന്ന് 40-45ലേക്കെത്തി, എംസാന്‍ഡ് (പാറമണല്‍) ഒരടിക്ക് 12 രൂപ കൂട്ടി. ഇതോടെ ഒരടിയുടെ വില 55-60 രൂപയായി.
കരിങ്കല്ല് ഒരു ലോഡിന് 600-1200 വരെ വര്‍ധിപ്പിച്ചു. മണല്‍ ഒരു ലോഡിന് 1000 രൂപ വരെയാണ് വര്‍ധിച്ചത്. സിമന്റ് ഇഷ്ടികയ്ക്കും ഒന്നിന് 20 രൂപവരെ കൂട്ടി.
സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റ് ഉല്പാദനം കൂട്ടാത്തതും സിമന്റുവില മറ്റ് സംസ്ഥാനങ്ങളില്‍ കുറവായിട്ടും ഇവിടെ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ പ്രധാന കാരണമാണ്.