കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത; അടുത്ത 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന്

Ice Waves

തിരുവനന്തപുരം: അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ആയതിനാല്‍ അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഇതുകൂടാതെ 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് 18.07.2020 മുതല്‍ 22.07.2020 വരെ തെക്ക്പടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

18.07.2020 മുതല്‍ 22.07.2020 വരെ കര്‍ണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 18.07.2020 മുതല്‍ 19.07.2020 വരെ മധ്യകിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ആയതിനാല്‍ 18.07.2020 മുതല്‍ 22.07.2020 വരെയുള്ള കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു.

ഉയര്‍ന്ന തിരമാല സാധ്യതയുള്ള 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു.

Top