ജനങ്ങളെ അണിനിരത്തി… കേരളത്തെ പലവട്ടം അളന്ന് ചരിത്രം സൃഷ്ടിച്ച പൊരുതുന്ന യുവത്വം വീണ്ടും ഒരിക്കൽ കൂടി ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല സൃഷ്ടിച്ചിരിക്കുന്നത്. “ഇനിയും സഹിക്കണോ ഈ കേന്ദ്രഅവഗണന” എന്ന മുദ്രാവാക്യമുയർത്തി കാസർകോട് റെയിൽവേസ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവൻ വരെയാണ് കൈകൾ കയ്യോട് ചേർത്ത് പ്രതിരോധച്ചങ്ങല തീർത്തിരിക്കുന്നത്. ഇത് പലയിടങ്ങളിലും മനുഷ്യക്കോട്ട ആയാണ് ഇപ്പോൾ മാറിയിരിക്കുന്നത്.
റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധചങ്ങല തീർത്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്ത പ്രക്ഷോഭമെന്ന പ്രത്യേകതയും ഈ സമരത്തിനുണ്ട്. ഇതിനു പുറമെ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സിനിമാ താരങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നുള്ളവരും മനുഷ്യ ചങ്ങലയിൽ കണ്ണിചേർന്നിട്ടുണ്ട്.
ജനുവരി 20നു വൈകിട്ട് നാലരയ്‌ക്ക് ട്രയൽ ചങ്ങല തീർത്ത ശേഷം കൃത്യം അഞ്ചിനാണ് യഥാർത്ഥ മനുഷ്യചങ്ങല തീർത്ത് പ്രതിഞ്ജയെടുത്തിരിക്കുന്നത്. 10ലക്ഷം പേരെ രംഗത്തിറക്കി കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിൽ വമ്പൻ റാലി നടത്തി ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച ഡി.വൈ.എഫ്.ഐ അതിലും കൂടുതൽ ആളുകളെയാണിപ്പോൾ കേരളത്തിലെ മനുഷ്യചങ്ങലയിൽ പങ്കെടുപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ ജനകീയമുന്നേറ്റമാണിത്. ഇതുപോലെ ഒരു മനുഷ്യചങ്ങല രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സിനോ അതിന്റെ പോഷക സംഘടനകൾക്കോ ഒരു സംസ്ഥാനത്തും നടത്താൻ കഴിയുകയില്ലന്നതും ഒരു വസ്തുതയാണ്. അതിനവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലന്നതാണ് യാഥാർത്ഥ്യം.
മനുഷ്യരെ കോർത്തിണക്കി ഒരു സംസ്ഥാനത്തെ തന്നെ അളക്കുക എന്നത് ഭാരത് ജോഡോ യാത്ര നടത്തുന്നതു പോലെയോ വാഹനത്തിൽ റോഡ് ഷോ നടത്തുന്നതു പോലെയോ എളുപ്പമുള്ള കാര്യമൊന്നുമല്ല. ചെറിയ വിള്ളൽ ഉണ്ടായാൽ പോലും വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന സമരമാണിത്. ആ റിസ്ക്ക് ഏറ്റെടുത്ത് തന്നെയാണ് പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ഡി.വൈ.എഫ്.ഐ വിജയകരമായി മനുഷ്യചങ്ങല തീർത്തിരിക്കുന്നത്. മറ്റു പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നുമെല്ലാം ഡി.വൈ.എഫ്.ഐ യും സി.പി.എമ്മും വ്യത്യസ്തമാകുന്നതും ഇവിടെയാണ്. അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും, അതൊന്നും തന്നെ ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തനങ്ങളെ ഒരിക്കലും ബാധിക്കാറില്ല. അധികാരമില്ലാത്ത ബംഗാളിലും അധികാരമുള്ള കേരളത്തിലും ഒരുപോലെ ജനകീയ മുന്നേറ്റം സാധ്യമാകുന്നതും അതുകൊണ്ടു തന്നെയാണ്.
മോദി സർക്കാറിനെതിരെ രണ്ടാഴ്ചക്കുള്ളിലാണ് പശ്ചിമ ബംഗാളിലും കേരളത്തിലും ലക്ഷങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐ പ്രക്ഷോഭം നടത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളിൽ സമരസന്ദേശമെത്തിക്കാനും അവർക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. അതും ഈ ഘട്ടത്തിൽ നാം തിരിച്ചറിയേണ്ടതുണ്ട്.
മനുഷ്യചങ്ങലയുടെ കൂടുതൽ ദൃശ്യങ്ങൾ ഇവിടെ കാണാം…