മനുഷ്യ മഹാശൃംഖലയില്‍ കണ്ണിയായി കാശ്മീരിന്റെ തീപ്പൊരി തരിഗാമി

മലപ്പുറം: ഭരണഘടനയെ സംരക്ഷിക്കുന്നതിനും പൗരത്വ നിയമ ഭേദഗതിക്കെതിരേയും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ കണ്ണിയായി കാശ്മീരിന്റെ പോരാളി തരിഗാമിയും. മലപ്പുറത്ത് കുന്നുമ്മലിലാണ് മുന്‍ ജമ്മു കശ്മീര്‍ നിയമസഭാംഗമായ മുഹമ്മദ് യൂസഫ് തരിഗാമി ശൃംഖലയില്‍ കണ്ണിയായത്.

കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി, മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവരും ഇവിടെ പങ്കുചേര്‍ന്നു. കാശ്മീരിന്റെ ഭരണഘടനാ സംരക്ഷണം എടുത്തുകളഞ്ഞ് നേതാക്കളെ തടവിലാക്കിയപ്പോള്‍ വീട്ടുതടങ്കലിലായ തരിഗാമിയെ നിയമ പോരാട്ടത്തിലൂടെയാണ് സിപിഎം പുറത്തെത്തിച്ചത്.

പൗരത്വ രജിസ്റ്ററിനെതിരെ നടക്കുന്ന ഈചരിത്ര പോരാട്ടം രാജ്യത്തിന് മാതൃകയും പ്രതീക്ഷയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയെ ഭരണഘടനാ പ്രശ്നമായി അവതരിപ്പിക്കാന്‍ കേരളത്തിനായി. ഈ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. പ്രതിപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോജിച്ച പ്രതിഷേധം രാജ്യം ശ്രദ്ധിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.

Top