ന്യൂഡല്‍ഹി: കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
സെക്രട്ടറിയോടും ഡിജിപിയോടും നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലുമുണ്ടാകരുതാത്ത സംഭവമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കു വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.