കോട്ടയം ഷാന്‍ വധക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം: കോട്ടയത്ത് പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ഷാനെ കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നില്‍കൊണ്ടിട്ടത്. സൂര്യന്‍ എന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ഇന്നലെ രാത്രിഒന്‍പതരയോടെ വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ പ്രതി ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.

നിന്റെ ആരാണ് സൂര്യന്‍ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.പിന്നീട് ഷാനിനെ കാണാതായതോടെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി എത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ജോമോന്‍ ഷാനിന്റെ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നത്.

സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് ജോമോന്‍ പോയത്. ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണ കാരണം.

Top