തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുമാണ്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും നിയമിക്കുവാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കുന്നതാണ്.