അബുദാബി: തൊഴിലാളികളുടെ ലീവ് സാലറി വാര്‍ഷികാവധിക്കു മുന്‍പ് നല്‍കണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക അവധിക്കു തൊഴിലാളിക്ക് അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തുടര്‍ച്ചയായി അഞ്ചു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്ന തൊഴിലാളിക്ക് വര്‍ഷത്തില്‍ 30 ദിവസത്തില്‍ കുറയാത്ത വാര്‍ഷികാവധിക്കു അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
ലീവ് സാലറി വാര്‍ഷികാവധി പ്രയോജനപ്പെടുത്തുന്നതിനു മുന്‍പായി കൈമാറണം. തൊഴില്‍ ഉപേക്ഷിക്കുകയാണെങ്കിലും സര്‍വീസ് കാലത്തിനു അനുസൃതമായി അര്‍ഹമായ വാര്‍ഷികാവധി ദിവസങ്ങള്‍ക്കുള്ള വേതനം ലഭിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്.
ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നിവരില്‍ ആരെങ്കിലും മരിച്ചാല്‍ തൊഴിലാളിക്ക് പൂര്‍ണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. വിവാഹത്തിനും സമാനമായ അവധി ലഭിക്കും. മുന്‍പ് ഹജ്ജ് നിര്‍വ്വഹിച്ചിട്ടില്ലാത്ത തൊഴിലാളിക്ക് സര്‍വീസ് കാലത്തു ഒരിക്കല്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ബലിപെരുന്നാള്‍ അവധി ഉള്‍പ്പെടെ പത്തു ദിവസത്തില്‍ കുറയുകയോ പതിനഞ്ചു ദിവസത്തില്‍ കൂടുകയോ ചെയ്യാത്ത വേതനത്തോടെയുള്ള അവധിക്കും അവകാശമുണ്ട്.
തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളിക്ക് വേതന രഹിത അവധി ഉപയോഗപ്പെടുത്താമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.