തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്ന വിഷയം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശബളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വാശ്രയ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്‌കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് തയ്യാറായി.
എയ്ഡഡ് മേഖലയെക്കാള്‍ കൂടുതല്‍ കോളേജുകളും വിദ്യാര്‍ത്ഥികളും ഉള്ളത് സ്വാശ്രയ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലാണ്. സ്വാശ്രയ കോളേജുകളിലാണ് കൂടുതല്‍ അധ്യാപകരും പഠിപ്പിക്കുന്നത്. സര്‍വകലാശാല പരീക്ഷകളുടെ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം സ്വാശ്രയ മേഖലയിലെ അധ്യാപകര്‍ക്കാണ് സര്‍വകലാശാലകള്‍ നല്‍കി വരുന്നത്.