പാകിസ്ഥാൻ ജയിലിൽ തടവുകാർ നേരിടുന്നത് അതിദാരുണ ദുരവസ്ഥയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

ദില്ലി: പാകിസ്ഥാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ദുരവസ്ഥ അതിദാരുണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടിട്ടുള്ളതിലും വളരെ അധികമാണെന്നും വനിതാ തടവുകാർ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വൃത്തിരഹിതമായ സാഹചര്യം, അതിവേ​ഗമുള്ള രോ​ഗവ്യാപനം, മരുന്നുകളുടെ അപര്യാപ്തത എന്നിവയെല്ലാം ​ഗുരുതര പ്രശ്നങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലെ 100ലധികം ജയിലുകളിലും തടവുകാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 88000 ആണെന്ന് റിപ്പോർട്ട് പറയുന്നു. 65,168 ആളുകളെ മാത്രമേ ഒരേസമയം പാർപ്പിക്കാവൂ എന്നാണ് നിയമം. തടവുകാരുടെ എണ്ണം കൂടുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. സാംക്രമിക രോ​ഗങ്ങൾ വളരെ വേ​ഗമാണ് ഇവരിൽ പടർന്നുപിടിക്കുന്നത്. എല്ലാവർക്കും ദുസ്വപ്നം; പാകിസ്ഥാനിലെ ജയിലുകളിലെ ദുരവസ്ഥ എന്ന പേരിലാണ് 55 പേജുകളുള്ള റിപ്പോർട്ട്.

മൂന്ന് പേർക്കായി സജ്ജമാക്കിയിട്ടുള്ള ജയിലറകളിൽ 15 പേർ വരെയുണ്ടെന്നാണ് നിലവിലെ അവസ്ഥ. ലോകത്ത് ഏറ്റവുമധികം തിരക്കുള്ള ജയിലുകളുളള ഇടങ്ങളിലൊന്നാണ് പാകിസ്ഥാനെന്നും റിപ്പോർട്ട് പറയുന്നു. മരുന്നോ അടിസ്ഥാന ചികിത്സാസൗകര്യമോ പോലും തടവുകാർക്ക് ലഭ്യമാകുന്നില്ല. ആരോ​ഗ്യകാര്യത്തിലുള്ള സൗകര്യങ്ങൾ മാത്രമല്ല നിയമപരമായ അവകാശങ്ങളും തടവുകാർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

വനിതാ തടവുകാർ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാവുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹ്യപ്രവർത്തകരെയും അഭിഭാഷകരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഹാരത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പകരമായി വനിതാ തടവുകാർ ജയിലിലെ പുരുഷജീവനക്കാരുടെ ലൈം​ഗികഅതിക്രമങ്ങളുടെ ഇരകളാവാറുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതാ തടവുകാർക്ക് ആർത്തവസമയങ്ങളിൽ സാനിറ്ററി നാപ്കിൻ പോലും ലഭ്യമാവാറില്ല. അവശ്യവസ്തു എന്നല്ല ആഡംബരമായോ മരുന്നായോ ഒക്കെയാണ് സാനിറ്ററി നാപ്കിനെ ജയിലധികാരികൾ വിലയിരുത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Top