പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതി ഭഗവൽ സിങ്ങിന്റെ ഇലന്തൂർ മണപ്പുറത്തെ വീടിന്റെ പിന്നിൽ നിന്നാണ് ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.
വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളിൽ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനോട് ചേർന്നു തന്നെയാണ് റോസ്‌ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
ആർഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സംഘം ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്.
പ്രതികൾ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിവരിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികൾ നടത്തിയത്. പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലിയുടെ ആസൂത്രകനെന്നും പൊലീസ് സൂചിപ്പിച്ചു. ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ വഴിയാണ് റാഷിദ് എന്ന സിദ്ധനെന്ന പേരിൽ മുഹമ്മദ് ഷാഫി, ഇലന്തൂരിലെ ദമ്പതികളെ വലയിലാക്കുന്നത്. കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.