അരിസോണ: സംഭാവനകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയില്‍ മനുഷ്യന്റെ തലയോട്ടി നിക്ഷേപിച്ച ശേഷം കടന്നുകളഞ്ഞ വ്യക്തിക്കായി പൊലീസ് അന്വേഷണം തുടങ്ങി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ആളുകള്‍ അവര്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ നല്‍കുന്ന ഒരു ഗുഡ്‍വില്‍ സ്റ്റോറില്‍ സ്ഥാപിച്ചിരുന്ന പെട്ടിയിലാണ് ‘അസാധാരണ സംഭാവന’ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തലയോട്ടി കണ്ടെത്തിയ ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തലയോട്ടി ഏറ്റെടുത്ത് മെഡിക്കല്‍ പരിശോധനകള്‍ക്കായി കണ്ടുപോയി. നിറയെ കറുത്ത അടയാളങ്ങളുള്ള തലയോട്ടിയുടെ ചിത്രം ഗുഡ്ഇയര്‍ പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്. ഇടതുവശത്ത് ഒരു കൃത്രിമ കണ്ണിന്റെ രൂപവും തലയോട്ടിയില്‍ പതിച്ചിരുന്നു. വളരെയധികം പഴക്കമുള്ള അസ്ഥികൂടമാണിതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. അതുകൊണ്ടു തന്നെ ഫോറന്‍സിക് പരിശോധനയ്ക്കുള്ള സാധ്യതയില്ല. എന്തെങ്കിലും കുറ്റകൃത്യവുമായി ബന്ധമുള്ളതല്ല ഈ തലയോട്ടിയെന്നും പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
തലയോട്ടി കണ്ടെത്തിയപ്പോള്‍ തന്നെ തങ്ങളുടെ കമ്പനി മാര്‍ഗനിര്‍ദേശം അനുസരിച്ച് പൊലീസില്‍ വിവരം അറിയിച്ചുവെന്ന് സ്റ്റോറിന്റെ നടത്തിപ്പുകാരായ ഗുഡ്‍വില്‍ ഓഫ് സെന്‍ട്രല്‍ ആന്റ് നോര്‍ത്തണ്‍ അരിസോണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ എപ്പോഴോ ആണ് സംഭവന പെട്ടിയില്‍ തലയോട്ടി നിക്ഷേപിക്കപ്പെട്ടതെന്നും ചൊവ്വാഴ്ച ജീവനക്കാര്‍ പെട്ടി തുറന്നപ്പോള്‍ ഇത് ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്നും പൊലീസ് വക്താവ് ലിസ ബെറി പറഞ്ഞു. മറ്റ് സാധനങ്ങള്‍ക്ക് ഒപ്പമായിരുന്നു തലയോട്ടിയും നിക്ഷേപിച്ചത്. നിക്ഷേപിച്ച ആളിനെക്കുറിച്ചുള്ള മറ്റ് സൂചനകളൊന്നും ഇതോടൊപ്പം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തലയോട്ടി നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.