Human testing of experimental Zika vaccine to begin

വാഷിംഗ്ടണ്‍ : സിക്ക വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അമേരിക്കന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.

വൈറസിനെതിരെയുള്ള ഡി.എന്‍.എ അനുബന്ധ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി കിട്ടിയതായി ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു.

സിക്ക വൈറസിനോട് സാമ്യമുള്ള ജനിതകഘടന ഉപയോഗിച്ച് യഥാര്‍ത്ഥ സിക്കവൈറസിനെ പ്രതിരോധിക്കാന്‍ പ്രതിരോധശേഷിയെ പ്രാപ്തമാക്കുക എന്നതാണ് ഇനോവിയോ വാക്‌സിന്റെ ധര്‍മ്മം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്തരത്തില്‍ പ്രതിരോധശേഷി വികസിച്ച് സിക്ക വൈറസിനെ സ്വയം പ്രതിരോധിച്ചതായി കണ്ടെത്തിയിരുന്നു.

വരുംദിവസങ്ങളില്‍ 40 പേരില്‍ പരീക്ഷണം നടത്താനാണ് ഇനോവിയയും പരീക്ഷണത്തില്‍ പങ്കാളിയായ ജീന്‍വണ്‍ ലൈഫ് സയന്‍സും തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടുകൂടി പ്രതീക്ഷിച്ച ഫലം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ സിക്ക വൈറസിനെതിരെയുള്ള ഫലപ്രദമായ മരുന്നുകളില്ല.

ഈഡിസ് ഈജിപ്തി എന്ന കൊതുകുവര്‍ഗമാണ് സിക്കവൈറസിന്റെ വ്യാപനത്തിന് കാരണം. ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിനും ജനിതകവൈകല്യത്തിനും ഇത് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്

Top