മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും

ആലുവ: മുനമ്പം മനുഷ്യക്കടത്ത് സംബന്ധിച്ച കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും നീളുന്നു.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ദയാമാതയെന്ന ബോട്ട് ഇന്‍ഡോനേഷ്യയുടെ അതിര്‍ത്തിയില്‍ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.

അതേസമയം, രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പത്തു നിന്ന് ബോട്ടില്‍ യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല. കേരളത്തിന് പുറത്തു നിന്നുമെത്തിയവര്‍ മുനമ്പം, മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ചെന്നൈ,ഡല്‍ഹിയിലെ അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് മുനമ്പംവഴി കടല്‍ കടന്നത്. സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.

സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വിസ് ബാങ്ക് നിക്ഷേപരേഖകളും ലഭിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്‌പോര്‍ട്ടുകള്‍, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകള്‍, ചെക്കുകള്‍, ആധാരങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു.

Top