മനുഷ്യക്കടത്ത് ആഗോള പ്രതിസന്ധി. . കേരളം ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചു

മുനമ്പം മനുഷ്യക്കടത്തിന്റെ ഞെട്ടലിലാണ് കേരളം. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അതിശയത്തോടെ ചോദിക്കാന്‍ മാത്രമേ സാധാരണക്കാരന് ഇപ്പോള്‍ കഴിയുന്നുള്ളൂ. ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ ഇനിയും വരാനുള്ള എത്രയോ റിപ്പോര്‍ട്ടുകളുടെ സൂചന മാത്രമാണ്. ഗര്‍ഭിണികളും നവജാത ശിശുക്കളുമടക്കമുള്ള ആളുകളെയാണ് കടത്തുന്നത്. 230ഓളം പേര്‍ ന്യൂസിലന്റിലേയ്ക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. മലയാളികളടക്കമുള്ള ഏജന്റുമാര്‍ ഇതിന് പിന്നില്‍ നടത്തുന്ന ബിസിനസ് എത്രയോ വ്യാപ്തിയുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ വിറപ്പിക്കുന്നതാണ്.

തീരപ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്രയില്ലെന്ന വിമര്‍ശനങ്ങള്‍ പല തവണ വന്നിട്ടുണ്ട്. ഇന്റലിജന്‍സ് മൂന്ന് റിപ്പോര്‍ട്ടുകളാണ് പോലീസിന് നല്‍കിയത്. എന്നാല്‍ എല്ലാം അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരള തീരത്തെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു എല്ലാ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും. അന്താരാഷ്ട്ര സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്ന മേഖലയാണ് മനുഷ്യക്കടത്ത് ബിസിനസ് എന്നും തീരമേഖലകള്‍ ഇതിന്റെ വിളനിലങ്ങളാണെന്നും ഇനിയെങ്കിലും മനസ്സിലാക്കണം. ബംഗാള്‍ ഉള്‍ക്കടലിലൂടെ ഓസ്‌ട്രേലിയയിലേയ്ക്കും മനുഷ്യക്കടത്ത് വ്യാപകമാണ്.

അന്താരാഷ്ട്ര തലത്തില്‍ വലിയ ഡിമാന്റുള്ള ബിസിനസാണ് ഹ്യൂമണ്‍ സപ്ലൈ. വിവിധ സ്ഥാപനങ്ങളിലെയും വീടുകളിലെയും ജോലിക്കാരായും ലൈഗിംക അടിമകളായിട്ടും ആളുകളെ കയറ്റി അയക്കുന്നതാണ് ബിസിനസ്.

അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായതും ആയിക്കൊണ്ടിരിക്കുന്നതുമായ വിഷയമാണ് മനുഷ്യക്കടത്ത്. വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളെയും പിന്നോക്കം നില്‍ക്കുന്നവരെയും കടത്തിക്കൊണ്ട് പോയി പണിയെടുപ്പിക്കുന്ന രീതിയില്‍ നിന്ന് മാറി തട്ടിക്കൊണ്ട് പോകുന്ന നിലയിലേയ്ക്ക് വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ് ഈ മേഖല.

2019 ജനുവരി ലോക മനുഷ്യക്കടത്ത് ബോധവല്‍ക്കരണ മാസമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. 2018ലെ കണക്കു പ്രകാരം ലോകത്ത് മനുഷ്യക്കടത്ത് 25 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 142 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിഞ്ഞിട്ടുള്ള കേസുകളുടെ മാത്രം അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട്. അറിയപ്പെടാത്ത പതിന്മടങ്ങ് സംഭവങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ കടത്തിക്കൊണ്ട് പോകുന്നത്. അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങളിലുള്ളവരാണ് ഉപഭോക്താക്കള്‍. മോഹന വാഗ്ദാനങ്ങളും അതിനു പുറമെ കാലാവധി സംബന്ധിച്ച ഉപാധികളും മുന്നോട്ടു വച്ചുകൊണ്ടാണ് ആളുകളെ വികസിത രാജ്യങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നത്. സ്ത്രീകളും കുട്ടികളുമാണ് മനുഷ്യക്കടത്തിന്റെ പ്രധാന ഇരകള്‍. എണ്ണത്തിന്റെ കാര്യത്തില്‍ പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മാത്രം. ആകെ കേസുകളില്‍ 72 ശതമാനവും ഇരകള്‍ സ്ത്രീകളാണ്.

നിര്‍ബന്ധിത ജോലിയും ലൈംഗിക അടിമത്വവുമാണ് പൊതുവെ കണ്ടു വരുന്നവ. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുക, ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കുക, പോണോഗ്രഫിയ്ക്ക് ഉപയോഗിക്കുക, അവയവങ്ങള്‍ എടുക്കുക, സൈന്യത്തിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുക തുടങ്ങിയവയാണ് കടത്തിക്കൊണ്ട് പോകുന്നവരെക്കൊണ്ട് ചെയ്യിക്കുന്ന മറ്റ് കാര്യങ്ങള്‍.

ശരീരാവയവങ്ങള്‍ക്കായി ആളുകളെ കടത്തുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. പതിനായിരം ഡോളര്‍ നല്‍കി ആളുകളില്‍ നിന്ന് കിഡ്‌നി എടുത്ത് അത് 2 ലക്ഷം ഡോളറിന് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ഏര്‍പ്പാട് ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ പലയിടത്തും നിലനില്‍ക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 5 മുതല്‍ 10 ശതമാനം വരെ അവയലവ ദാനം ലോകത്ത് നടക്കുന്നത് ഇത്തരത്തിലുള്ള മനുഷ്യക്കടത്ത് മുഖേനെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീടുകളില്‍ നിന്ന് മാറിനില്‍ക്കുന്ന കുട്ടികളാണ് മനുഷ്യക്കടത്ത് ബിസിനസിന്റെ ഇരകളാകുന്ന മറ്റൊരു പ്രധാനപ്പെട്ട വിഭാഗം. ഇന്റര്‍നെറ്റ് ഉപയോഗവും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്.

പോളരിസ് പദ്ധതിയിലെ രണ്ട് എന്‍ജിഒകള്‍ നടത്തിയ പഠനത്തില്‍ 2017ല്‍ മാത്രം 8,759 കേസുകളാണ് കണ്ടെത്തിയത്. പതിനായിരത്തിലധികം ആളുകളാണ് ഇതില്‍ ഇരകളായത്. അതായത്, ലോകത്തിലെ മള്‍ട്ടി ബില്യണ്‍ ക്രിമിനല്‍ വ്യവസായമായി മനുഷ്യക്കടത്ത് മാറിയിരിക്കുന്നു എന്ന് ചുരുക്കം.

ഈ മഹാവിപത്തിനെ പ്രതിരോധിക്കാന്‍ വത്തിക്കാനില്‍ ഒരു ഓണ്‍ലൈന്‍ പുസ്തകം തന്നെ ഇറക്കിക്കഴിഞ്ഞു. ക്രിമിനല്‍ പ്രവണതകള്‍ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

കേരളം വലിയ മാഫിയയുടെ കയ്യില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് മുനമ്പത്തെ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. നിരന്തര ജാഗ്രത എന്നതല്ലാതെ ഇതിന് പ്രതിവിധിയില്ല എന്നതാണ് വാസ്തവം.

റിപ്പോര്‍ട്ട്:എ.ടി അശ്വതി

Top