ചെന്നൈ: ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു ഡോക്ടര്‍ക്ക് ഒരിക്കലും ഒരു ജീവനെടുക്കാന്‍ കഴിയില്ലെന്നിരിക്കെ മിണ്ടാപ്രാണിയായ നായയെ മൂന്ന് നിലക്കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന വാദം ശക്തമാകുന്നു.
മൃഗസ്‌നേഹികള്‍ക്ക് മാത്രമല്ല, ഈ ക്രൂരത കാണിച്ച അമ്പത്തൂര്‍ സ്വദേശികളായ ഗൗതം സുദര്‍ശന്‍, കൂട്ട് നിന്ന ആശിഷ് എന്നിവര്‍ പഠിക്കുന്ന മാത മെഡിക്കല്‍ കേളേജിലെ സഹപാഠികളില്‍ നല്ലൊരു വിഭാഗവും ഇതേ അഭിപ്രായക്കാര്‍ തന്നെയാണ്.
തന്റെ മുന്നില്‍ ചികിത്സക്കായി എത്തുന്നവരെ ആത്മാര്‍ത്ഥമായി ചികിത്സിക്കാന്‍ ഇനി എങ്ങിനെ ഡോക്ടര്‍മാരായാല്‍ ഇവര്‍ക്ക് കഴിയുമെന്നാണ് ഉയര്‍ന്ന് വരുന്ന പ്രധാന ചോദ്യം.
ക്രൂരമനസ്സിനുടമയായവര്‍ പിടിക്കുന്ന കത്രികയും ക്രൂരത കാട്ടുമെന്ന് വിശ്വസിക്കുന്നവരാണ് ഇവരില്‍ അധികവും.
നായയോട് ചെയ്ത ക്രൂരതയില്‍ അറസ്റ്റിലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചാലും ഇവര്‍ ആതുരശുശ്രൂഷ രംഗത്ത് അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികളുമായി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് മൃഗസ്‌നേഹികള്‍.
ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ താഴേക്ക് വലിച്ചെറിയുന്നതും നായ കരയുന്നതുമായ ദയനീയ ദൃശ്യം സെഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഗൗതം സുദര്‍ശനെയും, ആശിഷിനെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.
മനുഷ്യനോട് ക്രൂരത കാണിക്കുമ്പോള്‍ പോലും മുഖം തിരിക്കുന്ന പൊലീസ് വര്‍ഗ്ഗത്തിനുള്ള ഒരു സന്ദേശം കൂടിയാണ് ചെന്നൈ പൊലീസിന്റെ ഈ നടപടി.