തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിപ്പിച്ച് കൊന്ന കേസില്‍ വ്യവസായിയായ മുഹമ്മദ് നിസാമിന് ജീവപര്യന്തം ശിക്ഷ. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 80 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു
കേസില്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി സെഷന്‍സ് ജഡ്ജി കെ.പി സുധീര്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കോടതി വിധി പറഞ്ഞത്.
ജനുവരി 31നുള്ളില്‍ വിധി പറയണമെന്ന് സുപ്രീകോടതി നിര്‍ദ്ദേശം ഉണ്ട്.
2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 3.15ന് ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലത്തെിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്.
ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പിടിയിലായ നിസാമിനെതിരെ സാമൂഹികദ്രോഹ പ്രവര്‍ത്തനം തടയുന്ന കാപ്പ നിയമം ചുമത്തിയതിനാലും ജാമ്യാപേക്ഷകള്‍ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതിനാലും പുറത്തിറങ്ങാനായിട്ടില്ല. ശിക്ഷ കുറക്കുകയെന്ന ലക്ഷ്യത്തോടെ നിസാം വിഷാദരോഗിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ഒന്നാം സാക്ഷി അനൂപ് ആദ്യം മൊഴി മാറ്റിയതും നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതും പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. രണ്ടര മാസത്തെ വിചാരണക്കിടെ 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു, ടി.എസ്. രാജന്‍, സി.എസ്. ഋത്വിക്, സലില്‍ നാരായണന്‍ എന്നിവര്‍ ഹാജരായി.