വാഹന പ്രേമികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഹ്യുണ്ടായ് നിരയിലെ ക്രേറ്റ. രൂപ ഭംഗി കൊണ്ടും വിശ്വാസ്യത കൊണ്ടും വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ജനഹൃദയം കീഴടക്കാന്‍ സാധിച്ചു ഈ ചെറു എസ്‌യുവിക്ക്. 2015ല്‍ ഇന്ത്യന്‍ വിപണി കീഴടക്കിയ ക്രേറ്റയുടെ ഏറെ സവിശേഷതകള്‍ അടങ്ങിയ പുതിയ പതിപ്പിന്റെ വീഡിയോ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. പവര്‍ ആന്‍ഡ് ടോര്‍ക്ക് എന്ന യൂട്യൂബ് ചാനലാണ് ക്രേറ്റയുടെ ചൈന പതിപ്പിന്റെ വിഡിയോ പുറത്തുവിട്ടത്. ഷാങ്ഹായ് മോട്ടര്‍ ഷോയില്‍ ഐഎക്‌സ് 25 നെ ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു. ചൈനയില്‍ അടുത്ത വര്‍ഷം ആദ്യം പുതിയ വാഹനം വിപണിയിലെത്തും എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഹ്യുണ്ടായ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം തന്നെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വാഹനത്തേക്കാള്‍ വളരെയധികം സവിശേഷതകളാണ് പുതിയതായി ഇറങ്ങാന്‍ ഇരിക്കുന്ന വാഹനത്തിന് ഉള്ളത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആദ്യ തലമുറയെക്കാള്‍ വലുപ്പമുള്ള വാഹനമായിരിക്കും പുതിയ ക്രേറ്റ. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവും 2610 എംഎം വീല്‍ബെയ്‌സുമുണ്ടാകും. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ 1.4 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും പുതിയ ക്രേറ്റയിലുണ്ടാകും.
കൂടുതല്‍ എസ്യുവി ചന്തവുമായിട്ടാണ് പുതിയ ക്രേറ്റ എത്തുക. വലിയ ഗ്രില്ലുകള്‍ ബംപറിലേക്ക് ഇറങ്ങിയ എല്‍ഇഡി സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, എല്‍ഇഡി ടെയ്ല്‍ ലാംപ്, എന്നിവ ക്രേറ്റയുടെ ചൈനീസ് പതിപ്പിലുണ്ട്. കൂടാതെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ തുടങ്ങി ധാരാളം ഫീച്ചറുകളുമുണ്ട്. അഞ്ച് സീറ്റ് വകഭേദം കൂടാതെ ഏഴു സീറ്റ് ക്രേറ്റയും സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം.