ഹ്യുണ്ടായി ഐ20യുടെ പുതിയ മോഡലുകള്‍ 2020ഓടെ വിപണിയിലേയ്ക്ക്‌

ന്ത്യന്‍ നിരത്തില്‍ സ്‌റ്റൈലിന്റെ പര്യായമാണ് ഹ്യുണ്ടായിയുടെ ഐ20. ആഡംബര കാറുകളോട് കിടപിടിക്കുന്ന ലുക്ക് ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതുതലമുറ 2020ഓടെ വീണ്ടുമെത്തുമെന്നാണ് വിവരം.

2014ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2017ല്‍ അത് എലൈറ്റ് ഐ20യായി വികാസം പ്രാപിക്കുകയായിരുന്നു. എന്നാല്‍, അടുത്ത തവണ നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുനര്‍ജനിക്കുന്നത്.

വാഹനത്തിന്റെ ഡിസൈനിലും സ്‌റ്റൈലിലും ഏറെ മികവ് പുലര്‍ത്തുന്ന ഐ20, പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്‌പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം പകരുമെന്നും സൂചനയുണ്ട്.

കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ അടുത്ത തലമുറയിലെ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കും. നിലവിലെ ഐ20യില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും.

മാരുതി ബലേനൊ, ഹോണ്ട ജാസ് എന്നീ വാഹനങ്ങള്‍ മാത്രമാണ് ഹ്യുണ്ടായി ഐ20യുടെ എതിരാളികള്‍. എന്നാല്‍, ടാറ്റ പുറത്തിറക്കാനൊരുങ്ങുന്ന എക്‌സ്45 എന്ന പ്രീമിയം ഹാച്ച്ബാക്ക് ഐ20ക്ക് ഭീഷണിയായേക്കും.

മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളില്ലാതെയായിരിക്കും പുതിയ ഐ20 എത്തുന്നത്. നിലവിലെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും തന്നെ ഇതില്‍ തുടരും. ബിഎസ്6 നിലവാരമുള്ള എന്‍ജിനില്‍ എത്തുന്ന വാഹനം 2020 ഏപ്രിലില്‍ എത്തിയേക്കും.

Top