ക്വലാലമ്പൂര്‍: വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയതിന് നൂറുകണക്കിന് ഇന്ത്യക്കാരടക്കമുള്ളവര്‍ മലേഷ്യയില്‍ അറസ്റ്റില്‍.
ആകെ 1457 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
എമിഗ്രേഷന്‍ വകുപ്പും പൊലീസും സംയുക്തമായാണ് നടപടിക്ക് നേതൃത്വം നല്‍കിയത്. ഇവരെ ജയിലുകളിലേക്ക് മാറ്റി. അതേസമയം, കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ മലേഷ്യയില്‍ കുടുങ്ങിപ്പോയവരെ അറസ്റ്റ് ചെയ്തതില്‍ നിന്നും വിട്ടയച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ക്വലാലമ്പൂരില്‍ താമസസ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. രാത്രിയോടെ ആളുകളെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരം നടപടി. ഇവര്‍ക്കെല്ലാം ആഴ്ചകളായി ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് റെയ്ഡും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലേഷ്യയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടിയെന്ന് മലേഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. റെഡ് സോണായി തിരിച്ച മേഖലകളില്‍ നിന്നാണ് കുടിയേറ്റ തൊഴിലാളികളെയടക്കം അധികൃതര്‍ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.