ന്യൂനമര്‍ദ്ദത്തിന് ബുറേവി ചുഴലിക്കാറ്റിന്റെ പാത, ശക്തമായ മഴ പ്രതീക്ഷിക്കാം; മന്ത്രി രാജന്‍

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാന്‍ സാധ്യതയെന്ന് മന്ത്രി രാജന്‍. ബുറേവി ചുഴലിക്കറ്റിന്റേതിന് സമാനമായ സഞ്ചാരപാതയാണ് നിലവില്‍ കാണിക്കുന്നത്. അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. നാളത്തെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത് മറ്റ് കാലാവസ്ഥ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു കൊണ്ടാണ്. കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. അലേര്‍ട്ടുകള്‍ പെട്ടെന്ന് മാറിയേക്കും. നാളെ ഓറഞ്ച് അലര്‍ട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങള്‍ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറ് മണിക്ക് തന്നെ അനൗണ്‍സ്‌മെന്റുകള്‍ നല്‍കും. ആര്‍ടിഒ ക്യാമ്പ് ചെയ്ത് മുന്നൊരുക്കങ്ങള്‍ നടത്തുന്നു. റവന്യൂ മന്ത്രി മുല്ലപ്പെരിയറിലേക്ക് പോകും. അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മുല്ലപ്പെരിയാര്‍ സൗഹാര്‍ദ്ധപരമായി തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ മഴയെ മാത്രമാണ് ഭയക്കേണ്ടതെന്നും 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Top