തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് കൊടുംനാശം വിതച്ച തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായുള്ള അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, തമിഴ്‌നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കാനാണ് സംവിധാനമൊരുക്കിയത്. ദുരിതം അനുഭവിക്കുന്ന തമിഴിനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ തകര്‍ന്നുവീണ വൈദ്യുതലൈനുകള്‍ പുനസ്ഥാപിക്കുന്ന ജോലികള്‍ക്കായി പാലക്കാട് ജില്ലയില്‍ നിന്നും വൈദ്യുത ബോര്‍ഡ് ജീവനക്കാരും കരാര്‍ തൊഴിലാളികളും അടങ്ങിയ 67 അംഗസംഘം പോയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ നിന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.