ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടു; കേരളത്തിലടക്കം കനത്ത മഴ

തിരുവനന്തപുരം: 95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക.

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താല്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതും വിലക്കിയിട്ടുണ്ട്. നാളെയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിലവിലെ സ്ഥിതിയില്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്.

Top