ഗജ ചുഴലിക്കാറ്റിന്റെ വരവിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്റെ വരവിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.

ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടുമുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

ചെന്നൈയില്‍നിന്നു 300 കിലോമീറ്റര്‍ അകലെ നാഗപട്ടണത്തിനടുത്താണ് ഇപ്പോള്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്നാട് തീരത്തുനിന്ന് 12,000 പേരെ ഒഴിപ്പിച്ചു. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലെന്ന നിലയില്‍ നാഗപട്ടണത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചെന്നൈയില്‍നിന്നു പുറപ്പെടേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

Top