പാരാദ്വീപ്: ബംഗാള്‍ ഉള്‍കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ ഒഡീഷ പശ്ചിമ ബംഗാള്‍ തീരം വഴി ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, അന്തമാന്‍ തീരത്ത് കനത്ത മഴയാണ്. ജാര്‍ഖണ്ഡ്, ബീഹാര്‍ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.