ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ് താണ്ഡവമാടുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു.
ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം നാലായി. കടലൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പേരും പുതുക്കോട്ടയിൽ ഒരാളും മരിച്ചു. വിരുതാചലത്ത് മതിൽ ഇടിഞ്ഞ് വീണ് ഒരു സ്ത്രീയും മരിച്ചു.
ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്നാട് തീരത്തുനിന്ന് 75,000 ലധികം പേരെ ഒഴിപ്പിച്ചു. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലെന്ന നിലയില്‍ നാഗപട്ടണത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചെന്നൈയില്‍നിന്നു പുറപ്പെടേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.