ദമ്പതികളുടെ ആത്മഹത്യ; വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

harthal

കോട്ടയം: ചങ്ങനാശേരിയില്‍ മോഷണക്കേസ് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവര്‍ ആത്മഹത്യ ചെയ്തത് പൊലീസ് മര്‍ദ്ദിച്ചതില്‍ മനോവിഷമം മൂലമാണു ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലായിരുന്ന ജോലി ചെയ്തിരുന്നത്, ഇവിടെനിന്നു സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്, ഭാര്യ രേഷ്മയ്ക്കൊപ്പമാണ് സുനില്‍ സ്റ്റേഷനില്‍ എത്തിയത്, ഇവിടെവച്ചു പൊലീസ് മര്‍ദ്ദിച്ചു കൊല്ലാറാക്കിയെന്ന് ബന്ധു അനിലിനോട് സുനില്‍ പറഞ്ഞിരുന്നത്രേ.

തിങ്കളാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി ഒന്‍പതോടെയാണു വിട്ടയച്ചത്. മാത്രമല്ല, ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വര്‍ണം തിരികെ എത്തിക്കണമെന്നും പൊലീസ് അന്ത്യശാസനം നല്‍കി.

75 പവന്‍ സ്വര്‍ണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും ബന്ധു പറയുന്നു.

പൊലീസ് സ്റ്റേഷന്‍ വിട്ടതോടെ കടുത്ത മനോവിഷമത്തിലായിരുന്നു സുനില്‍. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പായി സുനില്‍കുമാര്‍ അനിലിനെ കാണാന്‍ വന്നിരുന്നു. എന്തു ചെയ്യുമെന്നു ചോദിച്ചു. സജിയോടു ചോദിക്കട്ടേയെന്നു പറഞ്ഞു.

വീട്ടില്‍ പോയി അല്‍പസമയം കഴിഞ്ഞപ്പോള്‍ സുനില്‍ വിളിച്ചു. കത്ത് എഴുതിവച്ചിട്ടുണ്ടെന്നു മാത്രം പറഞ്ഞു. തുടര്‍ന്ന് സജിയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ‘അവന്‍ ചത്താലും എനിക്കൊന്നുമില്ല. അവന്‍ പേടിപ്പിക്കാന്‍ ചെയ്യുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു പ്രതികരണം.

ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ വൈകിട്ട് മൂന്നു മണിയോടെ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Top