വീടിന് പുറത്തിറങ്ങിയ ഭാര്യയെ കുത്തി വീഴ്ത്തി; ചന്ദ്രിക വധക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

മാനന്തവാടി: തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.ഇരിട്ടി സ്വദേശി അശോകനെയാണ് (48) മാനന്തവാടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം.പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയായ അഞ്ചുലക്ഷംരൂപ ചന്ദ്രികയുടെ മക്കളായ അശ്വതിക്കും അനശ്വരയ്ക്കും നല്‍കണം. ഈ തുക അശോകനില്‍നിന്ന് ഈടാക്കാനായില്ലെങ്കില്‍ തുക നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

2019 മെയ് 5നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.അശോകന്റെ ഉപദ്രവത്തെത്തുടര്‍ന്ന് തോല്പെട്ടി ചെക്പോസ്റ്റിനു സമീപത്തുള്ള സഹോദരന്‍ കൊറ്റന്‍കോട് സുധാകരന്റെ വീട്ടിലായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്. ഈ വീട്ടിലെത്തിയാണ് രാത്രി ഒന്‍പതോടെ മക്കളുടെ മുന്നില്‍വെച്ച് അശോകന്‍ ചന്ദ്രികയെ കുത്തിയത്. ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി പുറത്തിറങ്ങിയ ചന്ദ്രികയെ അശോകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊല്ലുന്നതിന് ഒരുമാസംമുമ്പും അശോകന്‍ ഈ വീട്ടിലെത്തി ചന്ദ്രികയെ കത്തിയുപയോഗിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു.

തിരുനെല്ലി എസ്.ഐ.യായിരുന്ന രജീഷ് തെരുവത്ത്പീടികയിലാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ. കെ.വി. സജിയും അന്വേഷണത്തില്‍ പങ്കെടുത്തു. ചന്ദ്രികയുടെ സഹോദരന്‍ സുധാകരനെ ഒന്നാംസാക്ഷിയാക്കിയും മക്കളെ രണ്ടും മൂന്നും സാക്ഷികളാക്കിയുമാണ് കേസ് വിസ്തരിച്ചത്. ഇവരുടെ മൊഴിയാണ് ശിക്ഷ ലഭിക്കുന്നതിന് നിര്‍ണായക വഴിത്തിരിവായത്. 25 സാക്ഷികളെ വിസ്തരിച്ച കേസില്‍ 43 രേഖകളും അമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.

Top