ഉത്തര്‍പ്രദേശ്: മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ ഫെബ്രുവരി ഏഴിനാണ് സംഭവം. നാന്‍കെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൊള്ളലേറ്റു ചികിത്സയിലായിരുന്ന നാന്‍കെ ഒരാഴ്ചയ്ക്കു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്.
മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ പറഞ്ഞതില്‍ ഭാര്യ പൂജ ദേഷ്യത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ പൂജ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാന്‍കെയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. സംഭവത്തില്‍ ഭാര്യ പൂജയെ പൊലീസ് അറസ്റ്റ് ചെയ്തു.