പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: പാറശാലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.

വെട്ടേറ്റ് ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 2 മണിയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഷാജി നിരന്തരം മദ്യപിച്ചെത്തി മീനയെ മര്‍ദിക്കുന്നത് പതിവായിരുന്നു.

ഇന്നലെ രാത്രി മര്‍ദനം സഹിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാറശാല പൊലീസില്‍ ഇയാള്‍ കീഴടങ്ങി.

Top