ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അത് കൊവിഡ് മരണമാക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്നതിനും മരണകാരണം മറച്ചുവെക്കാനായി ഗൂഡാലോചന നടത്തിയതിനും ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് വനസ്തലിപുരം സ്വദേശിയായ രാമവത് വിജയ് നായകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 18ന് ഹൈദരാബാദിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ഭാര്യ കവിതയെ കൊലപ്പെടുത്തിയത്. എന്നാല്‍ അന്ന് ഭര്‍ത്താവായ വിജയ് ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തോടും അടുപ്പക്കാരോടും പറഞ്ഞിരുന്നത്.

കൂടാതെ മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ കൊവിഡ് ബാധയെന്ന് പറഞ്ഞ് മൃതദേഹത്തില്‍ സ്പര്‍ശിക്കാന്‍ പോലും പ്രതി ബന്ധുക്കളെ അനുവദിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ശേഷം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവ് ആയതോടെയാണ് ബന്ധുക്കള്‍ക്ക് കവിതയുടെ മരണത്തില്‍ സംശയം വരുന്നത്.

തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് കവിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തുകയായിരുന്നു. പരിശോധനയില്‍ കവിതക്ക് കൊവിഡ് ബാധിച്ചിരുന്നില്ലെന്നും കഴുത്തില്‍ മുറിവുണ്ടെന്നും മരണം ശ്വാസം തടസം മൂലമാണെന്നും വെളിപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭര്‍ത്താവായ വിജയ് കൊലപ്പെടുത്തിയതാണെന്ന് കണ്ടത്തിയത്. കവിതയുടെ സ്വഭാവത്തില്‍ സംശയം തോന്നിയാണ് പ്രതി കൊല നടത്തിയതെന്നും ശേഷം മൃതദേഹം ഓട്ടോറിക്ഷയില്‍ ഗ്രാമത്തില്‍ എത്തിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.

 

Top