തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് അമ്പത്തൊന്നുകാരി വീടിനുള്ളിൽ മരിച്ച സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ഇതിൽ ഭർത്താവ് അരുണ്‍ കുറ്റക്കാരെനെന്നും പൊലീസ് കണ്ടെത്തി. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റാണ് ശിഖ മരിച്ചതെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്. ഇതിൽ സമീപവാസികളും മറ്റുള്ളവരും സംശയമുന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
പ്രണയത്തിലായിരുന്ന യുവതിയും 26-കാരനായ അരുണും രണ്ട് മാസം മുമ്പായിരുന്നു വിവാഹിതരായത്. എന്നാൽ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ശിഖയുടെ വീട്ടിലെ ഹോംനഴ്‌സ് വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശിഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഹോംനഴ്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി ശിഖയുടെ വീട്ടിലെ ഹോംനഴ്‌സാണ് രേഷ്മ. ഇന്ന് രാവിലെയാണ് ശിഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കിടപ്പുരോഗിയായ അമ്മയും ശിഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് അരുണ്‍. യുവതിയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതായും സമീപവാസികള്‍ പറഞ്ഞു. മൂക്ക് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ശിഖയെ ആശുപത്രിയില്‍ കൊണ്ടുപോയത്. ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചതായിരുന്നു. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ശിഖയുമായി അരുണ്‍ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്നു അരുണ്‍.