ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (74)അന്തരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഞ്ചുമാസംമുന്‍പ് കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുന്‍പാണ് വീണ്ടും ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞത്.
അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല, ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.
വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ ജയലളിതയുടെ മരണശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എ.ഐ.എ.ഡി.എം.കെ.യുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീര്‍ശെല്‍വം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശശികലയ്ക്ക് പിന്തുണയുമായി വീണ്ടും രംഗത്തെത്തിയിരുന്നു.
അനധികൃതസ്വത്ത് കേസില്‍ ജയിലില്‍ പോകേണ്ടിവന്നപ്പോള്‍ നടരാജനെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തിയ ശശികല എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വം സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരനെയാണ് ഏല്‍പ്പിച്ചത്.