ഭര്‍ത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നല്‍കുന്നതും ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി

ഡല്‍ഹി: ഭര്‍ത്താവ് സ്വന്തം അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നല്‍കുന്നതും ഗാര്‍ഹിക പീഡനമായി കണക്കാക്കില്ലെന്ന് കോടതി. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആശിഷ് അയാചിതാണ് യുവതി നല്‍കിയ പരാതി തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഗാര്‍ഹിക പീഡന നിയമവും സ്ത്രീകളുടെ സംരക്ഷണ നിയമവും പ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 43 കാരിയായ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.

കേസില്‍ വിചാരണ നടക്കുന്ന കാലയളവില്‍ സ്ത്രീക്ക് ചെലവിനായി മാസത്തില്‍ 3,000 രൂപ നല്‍കണമെന്ന് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ പൂര്‍ത്തിയായതോടെ സ്ത്രീയുടെ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി അവര്‍ക്ക് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്തു.1993 മുതല്‍ 2004 ഡിസംബര്‍ വരെ തന്റെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് അമ്മയുടെ കണ്ണ് ഓപ്പറേഷനു വേണ്ടി പണം നല്‍കിയിരുന്നു. അതുകൂടാതെ വര്‍ഷത്തില്‍ വരുമ്പോള്‍ അമ്മയെ സന്ദര്‍ശിക്കുകയും 10000 രൂപ അയച്ചു കൊടുക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം യുവതിയുടെ ക്രൂരതകള്‍ സഹിക്കാനാവില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ഭാര്യ അനധികൃതമായി പണം എടുത്തിട്ടുണ്ടെന്നും എതിര്‍ ഭാഗം പറയുന്നു.

പരാതിയിലെ ആരോപണം അവ്യക്തവും അടിസ്ഥാന രഹിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ സ്ത്രീ ഭര്‍ത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും തനിക്കായി സമയം ചെലഴിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top