മികച്ച ഇന്ധനക്ഷമതയുമായി ഹൈബ്രിഡ് പവര്‍ സ്വിഫ്റ്റ് വേരിയന്റുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്‌

സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ജപ്പാന്‍ വാഹനനിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍.

ജപ്പാനിലെ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് സ്വിഫ്റ്റ് ഹൈബ്രിഡ് SL, സ്വിഫ്റ്റ് ഹൈബ്രിഡ് SG എന്നീ രണ്ടു ഹൈബ്രിഡ് പതിപ്പുകളാണ് സുസുക്കി മാതൃരാജ്യത്ത് അവതരിപ്പിച്ചത്.

1,660,000 മുതല്‍ 1944,000 ജാപ്പനീസ് യെന്‍ (9.44 ലക്ഷം11.06 ലക്ഷം രൂപ) വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വിപണി വില.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം ഓട്ടോ ഗിയര്‍ ഫിഷ്റ്റില്‍ 10kW മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റാണ് (MGU) വാഹനത്തെ മുന്നോട്ടു നയിക്കുക. 91 പിഎസ് കരുത്താണ് ഇതുവഴി എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക.

അധികം ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും. പരമാവധി 32 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹൈബ്രിഡ് പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഹൈബ്രിഡ് സ്വിഫ്റ്റ് നിരത്തില്‍ എത്തുന്നതോടെ ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂര്‍ണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ല്‍ ഹാച്ച്ബാക്കിന്റെ സവിശേഷതകള്‍ ഉള്‍പ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.

നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് ഇന്ത്യയിലെത്താന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, മികച്ച സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന പുതിയ സ്വിഫ്റ്റിന് ഇന്ത്യന്‍ വിപണിയിലെ സാധ്യത മുന്‍ നിര്‍ത്തിയാണ് അടുത്തവര്‍ഷം വിപണിയില്‍ എത്തിക്കാന്‍ സുസുക്കി തീരുമാനിച്ചത്.

Top