ഹൈദരാബാദ്: കിംഗ്ഫിഷര്‍ ഉടമസ്ഥന്‍ വിജയ് മല്യയ്‌ക്കെതിരെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോടതിയുടെ നാല് ജാമ്യമില്ലാ വാറണ്ടുകള്‍. ജി.എം.ആര്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (ജി.എച്ച്.ഐ.എ.എല്‍) വ്യാജചെക്ക് കൊടുത്ത് കബളിപ്പിച്ചെന്ന കേസിലാണ് ജാമ്യമില്ലാ വാറണ്ടുള്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം തന്നെ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് നല്‍കിയിരുന്നു. വാറണ്ട് പ്രകാരം മാര്‍ച്ച് 29നകം വിജയ് മല്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം.
ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ജി.എം.ആറിനാണ്. നേരത്തെയും മല്യയ്‌ക്കെതിരെ ജി.എം.ആര്‍ വിവിധ കോടതികളില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 50 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ആദ്യം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എട്ട് കോടി രൂപയാണ് കിംഗ്ഫിഷര്‍ ജി.എം.ആറിന് നല്‍കാനുള്ളത്. മല്യയ്ക്ക് പുറമെ അഞ്ച് മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.