ഹൈദരാബാദ്: ഗോവധം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി. ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു ആണ് ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്.
പശു മാതൃത്വത്തിന്റെ അടയാളമാണ്, രാജ്യത്തിന്റെ പാവനമായ സ്വത്താണ്. അതിനെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കേണ്ടതാണ്- ജസ്റ്റിസ് ശിവശങ്കര റാവു പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിലവിലുള്ള ഗോവധ നിരോധന, മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജസ്റ്റിസ് ശിവശങ്കര റാവു ആവശ്യപ്പെട്ടു. ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
പശുക്കളെ കടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കന്നുകാലി കച്ചവടക്കാരനായ രാമവത് ഹമുന സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
പശുവിനെ വളര്‍ത്തുന്നവര്‍ക്കുവേണ്ടിയാണ് കന്നുകാലികളെ കൊണ്ടുപോയതെന്നായിരുന്നു രാമവത് ഹമുനയുടെ വാദം. എന്നാല്‍ കശാപ്പുശാലയിലേയ്ക്കാണ് പശുക്കളെ കൊണ്ടുപോയതെന്ന് കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.
അതേസമയം ഗോവധത്തിന് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശര്‍മ ആവശ്യപ്പെട്ടത് മുന്‍പ് വിവാദമായിരുന്നു.