Hyderabad Man Arrested Over ‘Triple Talaq’ Postcard To His Bride

ഹൈദരാബാദ്: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്ന മുസ്ലിം വിശ്വാസികള്‍ക്കിടയിലെ മുത്തലാഖ് എന്ന വിവാഹമോചന രീതി വീണ്ടും പ്രതിക്കൂട്ടില്‍.

കല്യാണം കഴിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റല്‍ കാര്‍ഡുവഴി ഭാര്യയെ യുവാവ് തലാഖ് ചൊല്ലിയിരിക്കുന്നു. ടെക്‌സറ്റൈല്‍സ് ജോലിക്കാരനായ മുഹമ്മദ് ഹനീഫയാണ് 26 വയസ്സുള്ള ഭാര്യയെ തലാഖ് ചൊല്ലുന്നതായി പോസ്റ്റല്‍ കാര്‍ഡ് വഴി അറിയിച്ചത്. ഇയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതി പരിഗണിച്ചാണ് പോലീസ് നടപടി.

38 കാരനായ മുഹമ്മദ് ഹനീഫയുടെ രണ്ടാം വിവാഹമാണിത്. കല്യാണം കഴിഞ്ഞ രണ്ടാം ദിവസം താന്‍ ചികിത്സയ്ക്കായ് ആശുപത്രിയില്‍ പോവുകയാണെന്നും, ഉടനെ വീട്ടിലേക്ക് മടങ്ങിവരികില്ലെന്നും ഭാര്യയെ അറിയിച്ച ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 16ന് തലാഖ് എന്ന് മൂന്ന് വട്ടം എഴുതിയിരിക്കുന്ന പോസ്റ്റ് കാര്‍ഡ് വീട്ടിലേക്ക് അയക്കുകയായിരുന്നു. തലാഖിന് സാക്ഷികളായി രണ്ടുപേര്‍ തന്നോടൊപ്പം കത്തെഴുതുന്ന അവസരത്തില്‍ ഉണ്ടെന്നും ഹനീഫ കത്തില്‍ പറഞ്ഞിരുന്നു.

താന്‍ ഇതിനു മുന്‍പ് വാട്‌സാപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടിയിരുന്നെങ്കിലും, മാന്യതയുടെ പേരിലാണ് പോസ്റ്റല്‍ കാര്‍ഡയക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. പോസ്റ്റ് കാര്‍ഡ് കിട്ടിയ ഉടന്‍ യുവതി തന്റെ വീട്ടിലേക്ക് മടങ്ങുകയും മുഹമ്മദ് ഹനീഫയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

ഇതിനെ തുടര്‍ന്നാണ് സെക്ഷന്‍ 498എ ,420 , 417 എന്നീ വകുപ്പുകള്‍ ചുമത്തി മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്തത്.

മുത്തലാഖിനെതിരായ പരാതി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് വീണ്ടും മുത്തലാഖ് ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ ഫോണിലൂടെ മുത്തലാഖ് നല്‍കിയ ഭര്‍ത്താവിനെതിരെ പരാതിയുമായി ഒരു യുവതി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയിരുന്നു.

ഫോണിലൂടെയും മറ്റ് മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്നത് വ്യാപകമായ സാഹചര്യത്തില്‍ മുത്തലാഖ് നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുള്ളത്. മെയ് 11 സുപ്രീം കോടതി ഈ കേസ് പരിഗണിക്കും.

Top