ഹൈദരാബാദ്: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഫോണിലൂടെ തലാഖ് ചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ഫോണ്‍ സംഭാഷണവും യുവതി പൊലീസില്‍ ഹാജരാക്കി.
2017 ജനുവരിയിലാണ് മുസമില്‍ യുവതിയെ വിവാഹം കഴിക്കുന്നത്. ശേഷം കഴിഞ്ഞ നവംബര്‍ 28ാം തീയതി മുസമില്‍ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് യുവതിയെ വിളിച്ചു. ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മുസമില്‍ തലാഖ് ചൊല്ലുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് അമ്മായി അമ്മ യുവതിയുമായി വഴക്കിടുമായിരുന്നു. പിന്നീട് ഗര്‍ഭിണിയായ യുവതി പ്രസവശേഷം ഭര്‍തൃഗ്രഹത്തിലേക്ക് തിരിച്ചെത്തുകയും യുവതിയുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും മുഹമ്മദിന്റെ വീട്ടില്‍ നിന്നും മാറി താമസിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ പിതാവുമായി ഇതേ ആവശ്യം പറഞ്ഞ് വഴക്കിട്ട് മുസമില്‍ ഇറങ്ങിപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ ഫോണ്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയത്.