ന്യൂഡല്‍ഹി: സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ ചര്‍ച്ചയാക്കുക വഴി ബംഗാള്‍ സി.പി.എം ലക്ഷ്യമിടുന്നത് ഹൈദരാബാദില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ്.
ആര്‍ഭാട ജീവിതം നയിച്ച സി.പി.എം ബംഗാള്‍ സംസ്ഥാന കമ്മറ്റി അംഗവും എം.പിയുമായ ഋതബ്ര ബാനര്‍ജിയെ പുറത്താക്കിയ പാര്‍ട്ടി അച്ചടക്കം ചൂണ്ടിക്കാട്ടി പി.ബി അംഗം കോടിയേരിയുടെ മക്കള്‍ക്കെതിരായ ആക്ഷേപം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പൊതു ചര്‍ച്ചയില്‍ ഉയരുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.
സീതാറാം യച്ചൂരിക്ക് കോണ്‍ഗ്രസ്സ് പിന്തുണയോടെ രാജ്യസഭ അംഗത്വം ഉറപ്പാക്കാന്‍ ബംഗാള്‍ ഘടകം നടത്തിയ നീക്കവും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് സഹകരണവും കേന്ദ്ര കമ്മറ്റിയില്‍ പരാജയപ്പെട്ടത് കേരള ഘടകത്തിന്റെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു.
ഇതിനുള്ള ഒരു ‘മധുരമായ’ തിരിച്ചടി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബംഗാള്‍ ഘടകം മാത്രമല്ല, യച്ചൂരിയുടെ നിലപാടുകളെ അംഗീകരിക്കുന്ന മറ്റ് സംസ്ഥാന ഘടകങ്ങളുടെ ഭാഗത്തു നിന്നുപോലും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പാര്‍ട്ടി നേതാക്കളുടെ കുടുംബത്തെ ലളിത ജീവിത ശൈലിയിലേക്ക് നയിച്ച് മാതൃകയാകാതെ താഴെ തട്ടില്‍ അത് നടപ്പാക്കാന്‍ കഴിയില്ലെന്ന വാദമാണ് വിമര്‍ശകര്‍ ഉയര്‍ത്തുക.
യച്ചൂരിക്ക് രണ്ടാം ഊഴം ഉറപ്പുവരുത്തുക, കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച് കേന്ദ്ര കമ്മറ്റി തളളിയ നിലപാട് വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉന്നയിച്ച് അംഗീകാരം നേടിയെടുക്കുക എന്നതും ബംഗാള്‍ ഘടകത്തിന്റെ ലക്ഷ്യമാണ്.
യച്ചൂരിക്ക് പകരം ബി.വി രാഘവുലു, വൃന്ദ കാരാട്ട് എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരള ഘടകം ഉയര്‍ത്തിക്കാട്ടുമെന്ന ‘അപകടവും’ യച്ചൂരിയെ അനുകൂലിക്കുന്ന വിഭാഗം കാണുന്നുണ്ടത്രെ.
കഴിഞ്ഞ തവണ പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ ‘നോമിനി’യായ എസ്.രാമചന്ദ്രപിള്ള വരുമെന്ന പ്രതീക്ഷയെ തകിടം മറിച്ചാണ് യച്ചൂരി സെക്രട്ടറിയായത്.
അന്ന് പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ് ഭാരവാഹി പ്രഖ്യാപനത്തിന് മുന്‍പ് യച്ചൂരിക്ക് ആശംസ നേര്‍ന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ എസ്.രാമചന്ദ്രപിള്ളക്ക് 80 വയസ്സ് പിന്നിട്ടതിനാല്‍ ഇനി പി.ബി അംഗമായി തുടരാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റാവുന്ന സീനിയര്‍ പി.ബി അംഗങ്ങള്‍ ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവുലുവും വൃന്ദ കാരാട്ടും മാത്രമാണ്. പാര്‍ട്ടി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എം.എ ബേബി താരതമ്യേന ജൂനിയറായതിനാല്‍ ഒരു കാരണവശാലും പരിഗണിക്കാന്‍ സാധ്യതയില്ല.
യച്ചൂരിയെ പോലെ ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന നേതാവിന് പകരം വയ്ക്കാന്‍ പ്രകാശ് കാരാട്ട് കഴിഞ്ഞാല്‍ രാഘവുലുവിനേക്കാള്‍ സാധ്യത വൃന്ദാ കാരാട്ടിനാണ്. പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വൃന്ദ ദേശീയ തലത്തില്‍ പരിചിതമായ മുഖമാണ്.
ഇടതു പക്ഷത്തെ നയിക്കാന്‍ ഒരു വനിതയെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് തിരഞ്ഞെടുത്താല്‍ അത് ചരിത്രമാകും. സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് മാറ്റി നിര്‍ത്തിയാല്‍ ദേശീയ നിലവാരത്തിലുള്ള ഒരു പാര്‍ട്ടിയുടെയും തലപ്പത്ത് വനിതകള്‍ എത്തിയിട്ടില്ല.
അതേ സമയം ബംഗാളില്‍ മാത്രം ഒതുങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതയും യു.പിയില്‍ കേന്ദ്രീകരിക്കുന്ന ബി.എസ്.പി നേതാവ് മായാവതിയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമാണെന്നതും ശ്രദ്ധേയമാണ്.
റിപ്പോര്‍ട്ട്: ടി. അരുണ്‍ കുമാര്‍