ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ സമാനമായ ഒന്‍പതോളം കുറ്റകൃത്യങ്ങള്‍ ചെയ്തതായി റിപ്പോര്‍ട്ട്. ക്രൂരമായി പീഡനത്തിന് ഇരയായ ദിശയെ പ്രതികള്‍ തീകൊളുത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ രണ്ട് പേര്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി പോലീസ് കസ്റ്റഡിയില്‍ വെളിപ്പെടുത്തിയെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട തെലങ്കാന പോലീസ് ശ്രോതസ്സുകള്‍ വ്യക്തമാക്കിയത്.
ലോറി തൊഴിലാളികളായ 26കാരന്‍ മുഹമ്മദ് ആരിഫ്, 20കാരന്‍ ചിന്താകുന്ത ചെന്നകേശവുളു എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ ഈ മാസം ആദ്യം പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് നടപടിയില്‍ രാജ്യത്താകമാനം പിന്തുണ ഉയര്‍ന്നതോടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ചര്‍ച്ചയ്ക്ക് തുടക്കമായി.
ആരിഫും, ചെന്നകേശവുളുവും തെലങ്കാനയിലെ മറ്റ് മൂന്നിടങ്ങളില്‍ മൂന്ന് സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. കര്‍ണ്ണാടകത്തിലെ ജില്ലകളിലാണ് ആറ് മറ്റ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. കര്‍ണ്ണാടക, ഹൈദരാബാദ് റൂട്ടില്‍ ചരക്ക് കടത്തലില്‍ ഏര്‍പ്പെട്ടിരുന്ന പ്രതികള്‍ ഈ മാര്‍ഗ്ഗം പ്രയോജനപ്പെടുത്തിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
കര്‍ണ്ണാടകയിലെ ഗംഗാവതിയില്‍ നിന്നും ഹൈദരാബാദിലെ കോപ്പല്‍ ജില്ലയിലേക്ക് കല്ലുമായി പോകുമ്പോഴാണ് ടോള്‍ പ്ലാസയില്‍ ദിശയെ ആരിഫ് കാണുന്നത്. ജോളു ശിവ, ജോളു നവീന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പ്രതികള്‍ ദിശയെ കൊലപ്പെടുത്തി. 15ഓളം കേസുകളിലാണ് ആരിഫും, ചെന്നകേശവുളുവും പങ്കാളിയായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ദേശീയപാതകളില്‍ സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.