hydrabad blast case yasin bhatkal-four others get death sentence-nia court

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസിന്‍ ഭട്കലടക്കം അഞ്ചുപേര്‍ക്ക് വധശിക്ഷ. മുഖ്യ പ്രതി യാസിന്‍ ഭട്കല്‍, സിയ ഉര്‍ റഹ്മാന്‍, തഹ്‌സീന്‍ അക്തര്‍, ഐസാസ് ഷെയ്ഖ്, അസദുള്ള അക്തര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. സിയ ഉര്‍ റഹ്മാന്‍ പാകിസ്ഥാന്‍ പൗരനാണ്

2013 ഫെബ്രുവരി 21ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. 19 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്‌ഫോടനം നടത്തിയതെന്ന് തിരിച്ചറിഞ്ഞ എന്‍.ഐ.എ. ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസിന്‍ ഭട്കല്‍, അസാദുള്ള അക്തര്‍ എന്നിവരെ ബിഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയിരുന്നു.

തുടര്‍ന്ന്, തഹസീന്‍ അക്തര്‍, പാകിസ്താനിയായ സിയാ ഉര്‍ റഹ്മാന്‍, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി. മുഖ്യ പ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.

അറസ്റ്റിലായ അഞ്ചുപേരുടെയും കേസ് കഴിഞ്ഞ ഒരുവര്‍ഷമായി ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്നുവരികയായിരുന്നു. കേസിനായി എന്‍.ഐ.എ. 158 സാക്ഷികളെയും 201 സ്‌ഫോടനവസ്തുക്കളുടെ ഭാഗങ്ങളും 500 രേഖകളും ഹാജരാക്കി.

Top