ഹൈദരാബാദ് വെടിവെയ്പ്; നിറവേറ്റിയത് ഉത്തരവാദിത്വമെന്ന് കമ്മീഷ്ണര്‍

ഹൈദരാബാദ്: യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ വ്യക്തത വരുത്തി സൈബറാബാദ് കമ്മീഷ്ണര്‍ വി.സി സജ്ജനാര്‍. പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോയപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രാവിലെ ആറ് മണിക്കും ഏഴ് മണിക്കും ഇടയിലായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയ്യാറായില്ലെന്നും ഇതോടെയാണ് തങ്ങള്‍ വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top