മുംബൈയില്‍ നിന്ന് പൂനെയിലേക്ക് 20 മിനുട്ട് . .സമയം കുറയ്ക്കാന്‍ ഹൈപ്പര്‍ ലൂപ്പെത്തുന്നു

HYPERLOOP

മുംബൈ: മൂന്നര മണിക്കൂര്‍ ദൂരം ഇനി 20 മിനുട്ടിനുള്ളില്‍ താണ്ടാം. മുംബൈയില്‍ നിന്ന് പൂനെ വരെ എത്താന്‍ ഇനി വെറും 20 മിനുട്ട്. ഗതാഗത കുരുക്കില്‍പ്പെടേണ്ട. ആവശ്യമുള്ള സ്ഥലത്ത് കൃത്യസമയത്ത് എത്താം.

2025-ഓടെ ലോകത്തെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ് മുംബൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് വ്യവസായിയും വിര്‍ജിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ റിച്ചാര്‍ഡ് ബ്രാന്‍സണാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ നടക്കുന്ന മാഗ്നറ്റിക് മഹാരാഷ്ട്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംബൈ മുതല്‍ താനെ വരെയാണ് ഹൈപ്പര്‍ ലൂപ്പിന്റെ ആദ്യത്തെ പരീക്ഷണ ഓട്ടം നടക്കുക. മൂംബൈ മുതല്‍ പൂനെ വരെ വെറും 20 മിനുട്ടിനുള്ളില്‍ എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. സാധാരണ മൂന്നര മണിക്കൂര്‍ ദൂരമാണ് മൂംബൈയില്‍ നിന്നും പൂനെയിലേക്കുള്ളത്.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ ലൂപ്പിന്റെ സ്പീഡ്. ഒരു യാത്രയില്‍ പതിനായിരം യാത്രക്കാരെ വഹിക്കാന്‍ ഇതിന് കഴിയും. അങ്ങനെ വര്‍ഷം 150 ദശലക്ഷം ആള്‍ക്കാരെ യാത്രക്കാരായി ഹൈപ്പര്‍ലൂപ്പിന് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ വിര്‍ജിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനില്‍ ഒരാളായ ബ്രാന്‍സണ്‍ പറയുന്നത്.

ആയിരം കിലോമീറ്റര്‍ വേഗതയില്‍ മുംബൈയേയും, നവി മുംബൈ എയര്‍പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസും തീരുമാനത്തിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഇന്ത്യന്‍ റോഡുകളിലെ യാത്രയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.ഓരോ അഞ്ച് മിനുട്ടിലും ഒരു ഗതാഗതകുരുക്കെങ്കിലും ഉണ്ടാകും. പലപ്പോഴും കൃത്യ സമയത്ത് ആവശ്യമായ സ്ഥലത്തെത്താന്‍ പലരും ബുദ്ധിമുട്ടുകയാണ്. ഹൈപ്പര്‍ലൂപ്പിന്റെ വരവൊടെ അതില്‍ ഒരു മാറ്റമുണ്ടാകുമെന്നും” റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. മാഗ്നറ്റിക് മഹാരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി , മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്, കേന്ദ്ര ഗതാഗത മന്ത്രി നിതില്‍ ഗഡ്ക്കരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഹൈപ്പര്‍ലൂപ്പിന്റെ കരാറില്‍ ഒപ്പുവെച്ചതെന്ന് ബ്രാന്‍സണ്‍ പറഞ്ഞു. 2025-ഓടെ ഇന്ത്യുടെ ഹൈപ്പര്‍ ലൂപ്പ് എന്ന് സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ബ്രാന്‍സണ്‍ പറഞ്ഞു.

Top