‘ഹൈറിച്ച്’ ഹെഡ് ഓഫീസ് സീല്‍ചെയ്തു, പോലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’യുടെ ഹെഡ് ഓഫീസ് സീല്‍ചെയ്തു. തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസാണ് സീല്‍ചെയ്തത്. ബഡ്‌സ് ആക്ട് പ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പില്‍ ഹൈറിച്ചിനെതിരേ ഇ.ഡി.യുടെ അന്വേഷണവും തുടരുകയാണ്.

അതിനിടെ, ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പരിഗണിക്കും.

സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം എന്തെന്ന് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ബഡ്സ് ആക്ട് ബാധകമാകൂ. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ വത്സന്‍ എന്നയാള്‍ നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇ.ഡി. തങ്ങള്‍ക്ക് പിന്നാലെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ എഫ്.ഐ.ആര്‍. റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോര്‍ട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇ.ഡി. നടത്തിയ പ്രാഥമിക അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയായ എച്ച്.ആര്‍.കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് കണ്ടെത്തല്‍. ക്രിപ്‌റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട്.

അതേസമയം, ഇ.ഡി. റെയ്ഡിന് തൊട്ടുമുന്‍പ് തൃശ്ശൂരിലെ വീട്ടില്‍നിന്ന് മുങ്ങിയ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി ഇ.ഡി. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിട്ടുണ്ട്.

Top