പുതിയ കോമ്പാക്ട് എസ്യുവിയായ ഹ്യുണ്ടായി വെന്യുവിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. ആദ്യദിവസംതന്നെ രണ്ടായിരത്തില്‍പ്പരം ബുക്കിങ് വെന്യു കരസ്ഥമാക്കി. വെന്യുവിന്റെ പെട്രോള്‍ വകഭേദങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഹ്യുണ്ടായി പറഞ്ഞു. മെയ് 21 -ന് ഹ്യുണ്ടായി വെന്യു വിപണിയില്‍ എത്തും. ബുക്കിങ് തുക 21,000 രൂപയാണ്.
ഏറ്റവും വേഗമുള്ള ഡെലിവറി, എക്സ്റ്റന്‍ഡഡ് വാറന്റിയോടുള്ള നൂറു ശതമാനം ഓണ്‍റോഡ് ഫൈനാന്‍സ്, സീറോ പ്രോസസിങ് നിരക്ക്, സീറോ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍, രണ്ടായിരം രൂപ ക്യാഷ്ബാക്ക് (HDFC ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്) എന്നിങ്ങനെ നീളും ബുക്കിങ് ഓഫറുകള്‍.
ഔദ്യോഗിക അവതരണത്തിന് മുമ്പ് 30,000 മുതല്‍ 40,000 യൂണിറ്റുകളുടെ വരെ ബുക്കിങ് വെന്യുവിന് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏഴു നിറങ്ങളിലാണ് വെന്യു വിപണിയിലെത്തുന്നത്. ലാവ ഓറഞ്ച്, പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ഡീപ്പ് ഫോറസ്റ്റ്, ഡെനിം ബ്ലൂ, സ്റ്റാര്‍ഡസ്റ്റ്, ടൈഫൂണ്‍ സില്‍വര്‍ നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.
വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെയാണ് പ്രധാന സവിശേഷതകള്‍.
മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ വെന്യുവില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം എലൈറ്റ് i20 ഹാച്ച്ബാക്കില്‍ നിന്നും കമ്പനി കടമെടുത്തതാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ പുതിയ ഹ്യുണ്ടായി എസ്യുവിയില്‍ തുടിക്കും. 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സാധ്യമാണ്.
112 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ സമന്വയിക്കും. 89 bhp കുരത്തും 220 Nm torque -മാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് കുറിക്കാനാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഒരുങ്ങുകയുള്ളൂ. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് പ്രവര്‍ത്തിക്കും. ആറു സ്പീഡാണ് ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ്.