ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി. പരിഷ്ക്കരിച്ച വിലകൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
തെരഞ്ഞെടുത്ത മോഡലും വേരിയന്റും അനുസരിച്ച് 34,000 രൂപ വരെയാണ് വില വർധിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായ സാൻട്രോ ഹാച്ച്ബാക്കിന്റെ വേരിയന്റുകൾക്ക് ഇപ്പോൾ 6,200 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.എന്നാൽ സ്‌പോർട്‌സ് എഎംടി വേരിയന്റിന് 1,500 രൂപയുടെ വർധനവ് മാത്രമാണ് ലഭിക്കുന്നത്. ഗ്രാൻഡ് i10 നിയോസിലേക്ക് നീങ്ങുമ്പോൾ സ്‌പോർട്‌സ് ടർബോ വേരിയന്റിന് ഇപ്പോൾ 1,200 രൂപയാണ് കൂടിയിരിക്കുന്നത്.
അതേസമയം കോംപാക്‌ട് ഹാച്ചിന്റെ എല്ലാ എഎംടി, സിഎൻജി പതിപ്പുകൾക്കും 5,200 രൂപയുടെ പരിഷ്ക്കരണം ലഭിക്കും. മറ്റ് വേരിയന്റുകൾക്ക് 4,200 രൂപയുടെ ഏകീകൃത വർധനയാണ് ഹ്യുണ്ടായി നടപ്പിലാക്കിയിരിക്കുന്നത്.
കോംപാക്‌ട് സബ്-4 മീറ്റർ സെഡാനായ ഓറയുടെ പെട്രോൾ വേരിയന്റുക്കായി ഇനി 5,200 രൂപ അധികം മുടക്കേണ്ടപ്പോൾ ഡീസൽ വകഭേദങ്ങൾക്കായി 1,200 രൂപ ഹ്യുണ്ടായി വർധിപ്പിച്ചു. കാറിന്റെ സിഎൻജി മോഡലുകൾക്ക് 8,200 രൂപയുടെ വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.