ഹ്യുണ്ടായി ഏഴ് സീറ്റര്‍ ക്രെറ്റ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തി

ഹ്യുണ്ടായിയുടെ ഏഴ് സീറ്റര്‍ ക്രെറ്റ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഡിവിസി ബൈക്ക്‌സ് എന്ന യുട്യൂബ് ചാനലാണ് പുറത്തുവിട്ടത്. നിലവില്‍ നിരത്തുകളിലുള്ള രണ്ടാം തലമുറ ക്രെറ്റയുടെ പ്രീമിയവും സ്ഥലസൗകര്യം കൂടിയതുമായ പതിപ്പായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയെന്നാണ് വിവരങ്ങള്‍.

അതേസമയം, ഹ്യുണ്ടായിയുടെ പ്രീമിയം എസ്യുവി മോഡലായ പാലിസേഡില്‍ നല്‍കിയിട്ടുള്ള ഗ്രില്ലും എയര്‍ ഇന്‍ ടേക്കും സ്‌കിഡ് പ്ലേറ്റുമായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയില്‍ നല്‍കുകയെന്നാണ് വിവരം. മറ്റ് ഡിസൈന്‍ ശൈലികള്‍ റെഗുലര്‍ ക്രെറ്റയിലേത് തുടര്‍ന്നേക്കും.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ ക്രെറ്റ എത്തിന്നുണ്ട്. ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തിയേക്കും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ ഏറ്റവും പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യയിലുള്ള ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും. അടുത്ത വര്‍ഷത്തോടെ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം.

Top