കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ശക്തമായ പിന്തുണ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് വീണ്ടും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി.
കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ഡല്‍ഹി, ഹരിയാന, മഹാരാഷ്ട, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ കിറ്റുകളും ഇതിനുപുറമെ, ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമത്തെ മറികടക്കുന്നതിനായി ഡ്രൈ റേഷന്‍ കിറ്റുകളും ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് വിതരണം ചെയ്തിരിക്കുകയാണ് ഹ്യുണ്ടായി.
പിപിഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍,ഡ്രൈ റേഷന്‍ എന്നിവയ്ക്കായി ഒമ്പത് കോടി രൂപയാണ് ഹ്യുണ്ടായി ചിലവിടുന്നത്. 17000 പിപിഇ കിറ്റുകള്‍, 20 ലക്ഷം മാസ്‌ക്, 1.5 ലക്ഷം സാനിറ്റൈസര്‍ കിറ്റ്, 6000 ഡ്രൈ റേഷന്‍ കിറ്റുകള്‍ എന്നിവയാണ് നല്‍കിയത്.
മാത്രമല്ല, തമിഴ്‌നാട്ടിലെ ആശുപത്രികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനവും നല്‍കും.
ഇന്ത്യയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിരയിലാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപയും തമിഴ്‌നാടിനായി അഞ്ച് കോടിയും ധനസഹായം നല്‍കിയതിന് പുറമെ, വെന്റിലേറ്റര്‍ നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനം എന്നിവയ്ക്കും ഹ്യുണ്ടായി നേതൃത്വം നല്‍കുന്നുണ്ട്.